Monday, September 15, 2014

എസ്ഐ യെ ഇടിച്ചിട്ടവന്‍ സെബാള്‍ട്ടി !

അങ്ങാടിപ്പുറം തേക്കിന്‍ കാട് മൈതാനത്തില്‍ ഉഷാ ഉതുപ്പിന്‍റെ ഗാനമേള പൊടിപൊടിക്കുന്നു.

ഗാനമേള കാണാന്‍ നമ്മുടെ സെബാള്‍ട്ടിയും കൂട്ടുകാരും മുന്‍ നിരയില്‍ തന്നെ നില്‍ക്കുന്നുണ്ട്. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി കാഴ്ച മുടക്കിക്കൊണ്ട് സ്റ്റേജിനു മുന്നില്‍  പോലീസുകാരുടെ ഒരു പടതന്നെയുണ്ട്‌.

സ്റ്റേജിലെ കാഴ്ചകള്‍ നേരാംവണ്ണം കാണാന്‍ സാധിക്കാതെ സഹികെട്ട കാണികളുടെ നിരാശയും ദേഷ്യവും പിന്നില്‍ നിന്നും കല്ല്‌, ചെരിപ്പ്, ചീമുട്ട എന്നിവയുടെ രൂപത്തില്‍ പോലീസുകാര്‍ക്കിടയിലേക്ക് പറന്നു.

പോലീസ്‌ ലാത്തി വീശിത്തുടങ്ങി, സ്റ്റേജിനു മുന്നില്‍ നിന്നിരുന്ന ആളുകള്‍  നാലുപാടും ചിതറിയോടി. ചന്തിയില്‍ ലാത്തികൊണ്ടുള്ള ഉഗ്രനൊരു അടി വീണപ്പോഴാണ് കൂടെയുള്ള വിദ്വാന്മാര്‍ നേരത്തെ തന്നെ സ്ഥലം വിട്ട വിവരം സെബാള്‍ട്ടി തിരിച്ചറിഞ്ഞത്.

സെബാള്‍ട്ടി ഓടെടാ ഓട്ടം , പോലീസ്‌ തൊട്ടു പിറകേ.

തേക്കിന്‍കാട്ടിലൂടെ കുതിക്കുന്നതിനിടയില്‍ സെബാള്‍ട്ടിയുടെ ഷര്‍ട്ടിന്‍റെ കോളറിലൊരു പിടുത്തം.

"വിട് സാറെ - ഞാന്‍ എറിഞ്ഞിട്ടില്ല, എനിക്ക് പണ്ടേ എറിയാന്‍ അറിയത്തില്ല" എന്നൊക്കെ കരഞ്ഞു വിളിച്ചിട്ടും പിടി വിടുന്ന ലക്ഷണമില്ല.

രക്ഷയില്ലാതെ സെബാള്‍ട്ടി സര്‍വ്വശക്തിയുമെടുത്ത് കുതറിയോടാന്‍ ശ്രമിച്ചു. പക്ഷെ അനങ്ങാന്‍ പറ്റുന്നില്ല. തന്നെ പോലീസ് പിടിച്ചതല്ല, തേക്കിന്‍റെ താഴ്ന്നുവളഞ്ഞു നിന്നൊരു കമ്പ് ഷര്‍ട്ടിന്‍റെ കോളറില്‍ കൊരുത്തതാണെന്ന് അപ്പോഴാണ്‌ സെബാള്‍ട്ടി തിരിച്ചറിഞ്ഞത്.

തേക്കിന്‍ കൊമ്പിന്‍റെ പിടി  വിടുവിക്കാന്‍ തിരിഞ്ഞു നിന്നപ്പോള്‍ കണ്ടത് തൊട്ടു പിറകില്‍ കൈയെത്തും ദൂരത്ത് സ്ഥലം എസ് ഐ ഇടിക്കുള മാത്തന്‍ !

ഇടിക്കുളയുടെ കൈയില്‍ കിട്ടിയാല്‍ തന്നെ ഇടിച്ചുപിഴിഞ്ഞ് കഷായമാക്കിയത് തന്നെ - സെബാള്‍ട്ടി രക്ഷപ്പെടാനായി കമ്പ് വിടുവിച്ചതും അത് തെറിച്ച് പിന്നില്‍ നിന്നിരുന്ന ഇടിക്കുളയുടെ താടിയില്‍ ശക്തിയില്‍ ചെന്നടിച്ചു. ഒന്നുമാലോചിക്കാതെ സെബാള്‍ട്ടി ഓടി എസ്കേപ്പായി.

സെബാള്‍ട്ടിയുടെ ബൈക്കെത്തും മുന്നേ വീട്ടില്‍ പോലീസ് ജീപ്പെത്തിയിരുന്നു.

ഒന്നുമറിയാത്ത നിഷ്കളങ്കനെപ്പോലെ "എന്താ സാറേ പ്രശ്നം" എന്ന് ചോദിക്കും മുന്നേ ഒരു പോലീസുകാരന്‍ പോക്കറ്റില്‍ നിന്നും ഒരു ഡ്രൈവിംഗ് ലൈസന്‍സ് എടുത്തു കാണിച്ചു.

"ഇത് നിന്‍റെതല്ലേ ?"

അപ്പോഴാണ്‌ സെബാള്‍ട്ടി കീശയില്‍ ലൈസന്‍സ് തപ്പിനോക്കിയത്.

"അതെ" എന്ന് പറഞ്ഞതും ആദ്യത്തെ ഇടി വീണു.
"പോലീസുകാരുടെ ഇടി കൊണ്ട് കണ്ണീന്നു പൊന്നീച്ച പറന്നാലുണ്ടല്ലോ സാറേ , പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റൂല" - താന്‍ എഴുതാന്‍ ഉദ്ദേശിക്കുന്ന സിനിമയുടെ തിരക്കഥയില്‍ എഴുതാന്‍ പറ്റിയ നല്ലൊരു ഡയലോഗ് മനസ്സില്‍ തെളിഞ്ഞ സന്തോഷത്തിനു പക്ഷെ  പോലീസ് ജീപ്പിന്‍റെ പിന്നില്‍ ചെന്ന് വീണു ബോധംപോകുന്നതു വരെയേ ആയുസ്സുണ്ടായിരുന്നുള്ളൂ.

പിറ്റേ ദിവസം "സെബാള്‍ട്ടി എസ് ഐ ഇടിയന്‍ മത്തായിയെ ഇടിച്ചു വീഴ്ത്തിയ കഥ "റേഡിയോ മാംഗോക്ക് റേഞ്ച് ഇല്ലാഞ്ഞിട്ടുപോലും നാട്ടിലെങ്ങും പാട്ടായി. ഒരു തൊഴിലുമില്ലാത്ത പാണന്മാര്‍ -"സെബാള്‍ട്ടിയുടെ ഒരൊറ്റ ഇടിക്കാ എസ്ഐയുടെ ബോധം പോയത്, ഐസിയുവിലാണ് - രക്ഷകിട്ടുന്ന കാര്യം സംശയമാണ്" എന്നൊക്കെ സെബാള്‍ട്ടിച്ചേകവരുടെ വീരകഥകള്‍ പൊടിപ്പും തൊങ്ങലും വച്ച് പാടിനടന്നു.

പാവം സെബാള്‍ട്ടിയെ സ്റ്റേഷനില്‍ വരികയും പോകുകയും ചെയ്യുന്ന പോലീസുകാരെല്ലാം എടുത്തിട്ടു പെരുമാറി. എസ്ഐ യെ തല്ലിയ വീരനെ പിടികൂടിയ വിവരമറിഞ്ഞ് ദൂരദിക്കുകളിലുള്ള പോലീസ് സ്റ്റെഷനുകളില്‍ നിന്നുപോലും പോലീസുകാര്‍ എത്തിച്ചേര്‍ന്നു.

"ബഹളം വെക്കല്ലേ, എല്ലാവര്‍ക്കും അവസരം തരാം" എന്ന് പറഞ്ഞ് ഹെഡ്കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ള അവരെയെല്ലാം വരിവരിയായി നിര്‍ത്തി ഓരോരുത്തരെയായി സെബാള്‍ട്ടിയെ ഇട്ടിരിക്കുന്ന സെല്ലിലേക്ക് കടത്തിവിട്ടു. അവരൊക്കെ തങ്ങള്‍ക്കറിയാവുന്ന കലാപരിപാടികളായ 'നിവര്‍ത്തി നിര്‍ത്തി അടിവയറ്റില്‍ ഇടിച്ചശേഷം  കുനിഞ്ഞു പോകുമ്പോള്‍ കൂമ്പിനിടിക്കല്‍' തുടങ്ങിയ കലാപരിപാടികള്‍ കാഴ്ചവച്ചു.

പിറ്റേ ദിവസം എസ് ഐ ക്ക് ബോധം വന്നു .നല്ലവനായ എസ് ഐ സെബാള്‍ട്ടി തന്നെ ഇടിച്ചിട്ടില്ലെന്നും തേക്കിന്‍റെ കമ്പ് തട്ടിയാണ് തന്‍റെ ബോധം പോയതെന്നുമുള്ള കുങ്കുമപ്പൂവിലെ ക്ലൈമാക്സിനെക്കാള്‍ നിഗൂഡമായ ആ നഗ്നസത്യം വെളിപ്പെടുത്തി.

സെബാള്‍ട്ടിയുടെ  ഇടികൊണ്ട്‌ ബോധം പോയതാണെന്ന് പുറത്തറിഞ്ഞാലുള്ള മാനക്കേടോര്‍ത്തു എസ്ഐ പുളുവടിക്കുന്നതാണെന്ന് ഹെഡ് കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ള സ്റ്റെഷനിലുള്ള പോലീസുകാരോടെല്ലാം രഹസ്യമായി പറഞ്ഞു നടന്നു. അങ്ങനെ സെബാള്‍ട്ടിയെ വിട്ടയച്ചു.

എല്ലും പതിരുമെല്ലാം പണ്ടേ നാട്ടിലുള്ള പെണ്‍പിള്ളേരുടെ തന്തമാരും ആങ്ങളമാരും  ഇടിച്ചു കലക്കിയതായിരുന്നതിനാല്‍ പോലീസുകാരുടെ ഇടിയില്‍ പറയത്തക്ക കേടൊന്നും സെബാള്‍ട്ടിയുടെ ശരീരത്തിന് സംഭവിച്ചില്ല.

നാട്ടില്‍ തിരിച്ചെത്തിയ സെബാള്‍ട്ടി വീരശൂരപരാക്രമിയായി.

നടന്നുപോകുന്ന സെബാള്‍ട്ടിയെ ചൂണ്ടി ആളുകള്‍ ഭയഭക്തി ബഹുമാനങ്ങളോടെ അടക്കം പറഞ്ഞു "എസ് ഐയെ തല്ലിയിട്ടും കൂളായി ഇറങ്ങി നടക്കുന്നത് കണ്ടില്ലേ ?"

Hamza Erumbath Hamzae

0 comments

Posts a comment

 
© 2011 സെബാള്‍ട്ടിക്കഥകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top