Thursday, September 4, 2014

ഊഞ്ഞാലാട്ടം

ആരോ വാതിലില്‍ തട്ടുന്നത് കേട്ടാണ് ഭര്‍ത്താവുണര്‍ന്ന്‍ വാച്ചെടുത്തു നോക്കിയത്, സമയം വെളുപ്പിന് മൂന്നര മണി.

"എനിക്കെങ്ങും വയ്യ ഈ സമയത്ത് എഴുന്നേറ്റു പോയി നോക്കാന്‍"

പിറുപിറുത്തുകൊണ്ടയാള്‍ മടിപിടിച്ച് പുതപ്പ് തലവഴി മൂടിക്കൊണ്ട് കിടന്നു.

വാതിലിലെ തട്ടല്‍ ഒന്നുകൂടെ ശക്തമായി.

"നിങ്ങളൊന്നെഴുന്നെറ്റ് ചെന്ന് നോക്കുന്നുണ്ടോ മനുഷ്യാ, ബാക്കിയുള്ളവരെയും ഉറങ്ങാന്‍ സമ്മതിക്കില്ലല്ലോ "

അടുത്തു കിടക്കുകയായിരുന്ന ഭാര്യയുടെ ശകാരം കേട്ട് ഭര്‍ത്താവ് ഗത്യന്തരമില്ലാതെ ശാപവാക്കുകളോടെ എഴുന്നേറ്റ് ചെന്ന് വാതില്‍ തുറന്നു. വാതില്‍ക്കല്‍ ഒരു കള്ളുകുടിയന്‍ ആടിയാടി നില്‍ക്കുന്നു - തൊട്ടടുത്തുള്ള ഫൈവ്സ്റ്റാര്‍ ബാറില്‍ നിന്നിറങ്ങിവന്ന ഏതോ അലവലാതിയാകണം -

"എന്ത് വേണം ?" ഭര്‍ത്താവ് ദേഷ്യത്തോടെ ചോദിച്ചു.

"ചേട്ടാ, ഒന്ന് തള്ളിത്തരാമോ - പ്ലീസ് ?" കള്ളുകുടിയന്‍റെ വാക്കുകള്‍ കുഴഞ്ഞു.

"സാധ്യമല്ല"

ദേഷ്യത്തോടെ അയാള്‍ക്കുമുന്നില്‍ വാതില്‍ വലിച്ചടച്ച് ഭര്‍ത്താവ് ബെഡ്റൂമിലേക്ക്‌ പോയി.

"എന്നാലും നിങ്ങള്‍ ചെയ്തത് തീരെ ശരിയായില്ല. പണ്ടൊരിക്കല്‍ അസമയത്ത് കാര്‍ നിന്ന് പോയപ്പോള്‍ നമ്മളും ഇതുപോലെ ഒരപരിചിതനെ വിളിച്ചുണര്‍ത്തിയില്ലേ ? അന്നയാളും സഹായിക്കാതെ ഇതുപോലെ പറഞ്ഞു കതകടച്ചിരുന്നെങ്കില്‍ നമ്മുടെ അവസ്ഥയെന്താകുമായിരുന്നു ?"

ഭര്‍ത്താവ് പറഞ്ഞതെല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ ഭാര്യ ചോദിച്ചു.

"പക്ഷെ ഇയാള്‍ മദ്യപിച്ചിട്ടുണ്ടല്ലോ ?"

"ഒരാളെ സഹായിക്കാന്‍ അതൊന്നും നോക്കേണ്ട കാര്യമില്ല, അയാളെ പ്രതീക്ഷിച്ചു വീട്ടില്‍ കാത്തിരിക്കുന്ന നിരപരാധികളായ ഭാര്യയും കുട്ടികളും എന്ത് പിഴച്ചു. ഒന്ന് ചെന്നയാളെ സഹായിക്കൂന്നെ - ഉം ചെല്ലൂന്നെ"

പരോപകാര കുനിതയായ ഭാര്യ മടിപിടിച്ചു കിടന്ന ഭര്‍ത്താവിനെ ഉന്തിത്തള്ളി പറഞ്ഞു വിട്ടു.

ഭര്‍ത്താവ് ചെന്ന് വാതില്‍ തുറന്നു നോക്കി, അവിടെയെങ്ങും ആരെയും കണ്ടില്ല.

"ഹലോ, പോയോ ? തള്ളിത്തരണ്ടേ ?"

ഭര്‍ത്താവ് ഇരുട്ടിലേക്ക് നോക്കിക്കൊണ്ട്‌ ഉറക്കെ വിളിച്ചു ചോദിച്ചു.

"വേണം വേണം, ചേട്ടാ, ഞാന്‍ ഇവിടെയുണ്ട്"

മുറ്റത്തെ ഇരുട്ടില്‍ നിന്ന് കുഴഞ്ഞ ശബ്ദത്തിലുള്ള അയാളുടെ മറുപടി കേട്ട് ഭര്‍ത്താവ് ശബ്ദം കേട്ട ദിക്കിലേക്ക് ടോര്‍ച്ചടിച്ചു നോക്കി.

"ചേട്ടാ, വന്നു തള്ളിക്കോ"

മുറ്റത്തെ ഊഞ്ഞാലിരുന്ന്‍ സെബാള്‍ട്ടി പറഞ്ഞു.

:P

0 comments

Posts a comment

 
© 2011 സെബാള്‍ട്ടിക്കഥകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top