Tuesday, September 9, 2014

ഡിറ്റക്ടീവ് സെബാള്‍ട്ടി

സെബാള്‍ട്ടി ഡിറ്റക്ടീവ് ഏജന്‍സി നടത്തിയിരുന്ന കാലം.

ഒരുദിവസം മദ്ധ്യവയസ്സു പിന്നിട്ട ഒരു മനുഷ്യന്‍ സെബാള്‍ട്ടിയെത്തേടി വന്നു.

"ഇരിക്കൂ, എന്താണ് നിങ്ങളുടെ പ്രശ്നം ?"സെബാള്‍ട്ടി ചോദിച്ചു.

"നാലു വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരുത്തന്‍ എന്‍റെ മകളെ തട്ടിക്കൊണ്ടു പോയി."

"എന്നിട്ടിപ്പോഴാണോ അന്വേഷിക്കുന്നത് ? ആട്ടെ, മകളിപ്പോള്‍ എവിടെയുണ്ടെന്ന് അറിയാനാണോ ?"

"മകള്‍ എവിടെയുണ്ടെന്നൊക്കെ അറിയാം - അവളാ കോന്തന്‍റെ രണ്ടു മക്കളേം പ്രസവിച്ച് അവന്‍റെ കൂടെത്തന്നെ താമസിക്കുന്നുണ്ട്"

"അങ്ങനെയെങ്കില്‍ മരുമകന്‍റെ സ്വഭാവവിശേഷങ്ങള്‍ അറിയാനായിരിക്കും ?" സെബാള്‍ട്ടി ചോദിച്ചു.

"അതൊക്കെ നന്നായി അറിയാം - അല്ലേലും ചത്ത കിളിക്കെന്തിനാ കൂട്"

"പിന്നെ എന്താ അമ്മാവന്‍റെ പ്രശ്നം ?"

"അവനെ നാട്ടുകാര്‍ കൂടി അടുത്തുതന്നെ തല്ലിക്കൊല്ലാന്‍ ഇടയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ എന്‍റെ മോളും, മക്കളും വഴിയാധാരമാകാതിരിക്കാന്‍ അവനെക്കൊണ്ട്‌ വലിയൊരു തുകക്കുള്ള ഇന്‍ഷുറന്‍സ് പോളിസി എടുപ്പിക്കണം. പ്രീമിയം ഞാന്‍ അടച്ചു കൊള്ളാം" ആഗതന്‍ പറഞ്ഞു.

"ഹോ - എന്‍റെ ഡിറ്റക്ടീവ് ജീവിതത്തിനിടയില്‍ ഇത്രയും വ്യത്യസ്തവും ത്രില്ലിംഗുമായ ഒരു കേസ് കേട്ടിട്ടില്ല. ആട്ടെ തട്ടിക്കൊണ്ടു പോയ ആളെ കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റുമോ ?"

"അവന്‍റെ ഫോട്ടോ കൊണ്ടുവന്നിട്ടുണ്ട്"

"എവിടെ കാണട്ടെ ?" ആഗതന്‍ ഒരു ഫോട്ടോ സെബാള്‍ട്ടിക്ക് നേരെ നീട്ടി.

ഫോട്ടോ കണ്ട സെബാള്‍ട്ടി ഞെട്ടി - അത് സെബാള്‍ട്ടിയുടെ ഫോട്ടോയായിരുന്നു !

0 comments

Posts a comment

 
© 2011 സെബാള്‍ട്ടിക്കഥകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top